പറയാതെ പോയ ജൂൺ – അധ്യായം 2
അധ്യായം 2:
ജൂൺ 2026, ബാംഗ്ലൂർ
ഫോണിന്റെ സ്ക്രീനിൽ ആ പേര് തെളിഞ്ഞുനിന്നു.
Ana.
ഏഴ് വർഷത്തിന് ശേഷം അവൾ എനിക്ക് ഒരു മെസ്സേജ് റിക്വസ്റ്റ് അയച്ചിരുന്നു.
“George! Let’s go. ലഞ്ചിന് സമയമായി.”
സ്ക്രീനിലെ ആ ഒരൊറ്റ വരിയിലേക്ക് എന്റെ വിരൽ തൊടാൻ ഒരു മില്ലിമീറ്റർ ദൂരം ബാക്കിയുള്ളപ്പോഴാണ് പ്രിയങ്കയുടെ ശബ്ദം മുകളിൽ നിന്ന് വീണത്. ഇത്തവണ അതിൽ രാവിലെ കണ്ട ആ ശാന്തത ഇല്ലായിരുന്നു; പകരം ഒരു കോർപ്പറേറ്റ് ലീഡിന്റെ കൃത്യമായ പവർ ഉണ്ടായിരുന്നു.
ഞാൻ ഞെട്ടി വിറച്ച് ഫോൺ ലോക്ക് ചെയ്ത് ഫോർമൽ പാന്റ്സിന്റെ പോക്കറ്റിലേക്ക് ഇട്ടു. ആ ആപ്പിന്റെ നോട്ടിഫിക്കേഷൻ എന്റെ തുടയിൽ കിടന്ന് ചെറുതായി വൈബ്രേറ്റ് ചെയ്തുകൊണ്ടിരുന്നു. അത് അന തന്നെയാണ്. അവൾ എനിക്ക് മെസ്സേജ് റിക്വസ്റ്റ് അയച്ചിരിക്കുന്നു!
പന്ത്രണ്ടാം നിലയിലെ ഗ്ലാസ് ജാലകത്തിനപ്പുറം ബാംഗ്ലൂർ ഒരു വലിയ യന്ത്രം പോലെ ചലിക്കുകയായിരുന്നു. താഴെ മെട്രോ പണികളും ട്രാഫിക്കും, മുകളിൽ ഐഡി കാർഡുകൾ തൂക്കിയ മനുഷ്യരും. ആ നഗരത്തിന്റെ വേഗത എനിക്ക് ശ്വാസം മുട്ടിക്കുന്നതുപോലെ തോന്നി.
പ്രിയങ്കയ്ക്ക് പുറകെ കഫറ്റീരിയയിലേക്ക് നടക്കുമ്പോൾ എന്റെ മനസ്സ് ഓഫീസിലായിരുന്നില്ല.
ആയിരക്കണക്കിന് ആളുകൾ തിങ്ങിനിറഞ്ഞ ആ വലിയ ഹാളിലെ ഒരു നീണ്ട ഡൈനിംഗ് ടേബിളിന് ചുറ്റും ഞങ്ങൾ ഇരുന്നു. പ്രിയങ്ക എന്നെ ടീമിന് പരിചയപ്പെടുത്തി.
“Guys, this is George. നമ്മുടെ പുതിയ പ്രോജക്ട് കോർഡിനേറ്റർ.”
ടീമിലെല്ലാവരും പുഞ്ചിരിച്ചുകൊണ്ട് എന്നെ സ്വാഗതം ചെയ്തു. പക്ഷേ ആ സ്വാഗതത്തിനിടയിലും പ്രിയങ്ക എന്റെ പ്ലേറ്റിലേക്ക് നോക്കി ഓഫീസിന്റെ സമയക്രമം ഓർമ്മിപ്പിച്ചു.
“കഴിച്ചോളൂ ജോർജ്ജ്. ലഞ്ച് കഴിഞ്ഞ് കറക്റ്റ് 2:30-ന് നമ്മുടെ ഡെയ്‌ലി സ്റ്റാൻഡ്-അപ്പ് ഉണ്ട്. അത് കഴിഞ്ഞ് 4:00 മണിക്ക് എനിക്ക് ഡയറക്ടറുമായി ഒരു ബ്രീഫിംഗ് ഉണ്ട്. അതിന് മുൻപ് പ്രോജക്ട് സ്റ്റാറ്റസ് ഡെക്ക് റെഡിയാക്കണം.”
കഫറ്റീരിയയിലെ ആ മെനു കാർഡിലെ ഒരു പ്ലേറ്റ് ബിരിയാണിയുടെ വില നോക്കിയപ്പോൾ ഞാൻ അറിയാതെ ഉള്ളിൽ കണക്കുകൂട്ടിപ്പോയി. പത്തനംതിട്ടയിലെ ഞങ്ങളുടെ കോളേജിന് മുന്നിലെ ചായക്കടയിൽ ഇത്രയും പണമുണ്ടായിരുന്നെങ്കിൽ ഞങ്ങൾക്ക് നാലുപേർക്ക് ചായയും നല്ല ചൂടുള്ള പഴംപൊരിയും വയറുനിറയെ കഴിക്കാമായിരുന്നു. പണത്തിന്റെ മൂല്യം അളക്കുന്ന എന്റെ നാടൻ കണക്കുകൾക്ക് ഈ വലിയ ടെക് പാർക്കിൽ വലിയ സ്ഥാനമൊന്നുമില്ലെന്ന് അപ്പോഴാണ് എനിക്ക് തോന്നിയത്.
ഭക്ഷണം കഴിക്കുന്നതിനിടയിൽ ടീം മെമ്പർമാർ തമ്മിൽ സംസാരിക്കാൻ തുടങ്ങി. പെട്ടെന്നാണ് അവർ ഇംഗ്ലീഷിൽ നിന്നും കന്നഡയിലേക്ക് മാറിയത്. എനിക്ക് കന്നഡ അറിയില്ല. വൈഷ്ണവി സംസാരിക്കുന്ന ആ അനായാസമായ ഇംഗ്ലീഷ് കേട്ടപ്പോൾ എനിക്ക് എന്റെ പഴയ ഇംഗ്ലീഷ് അധ്യാപകനെയാണ് ഓർമ്മ വന്നത്. ഞാൻ എഴുതുമ്പോൾ പോലും വരുത്തുന്ന വ്യാകരണപ്പിഴകൾ അവർ സംസാരിക്കുമ്പോൾ പോലും തെറ്റുന്നില്ല!
ഞാൻ ഒന്നും മിണ്ടാതെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നു. കന്നഡയിലെ ചില വാക്കുകൾ കേൾക്കുമ്പോൾ മലയാളവുമായി എന്തോ ഒരു സാമ്യം തോന്നുന്നുണ്ടായിരുന്നു. ‘യോചനെ’ (ചിന്ത), ‘പ്രയത്ന’ എന്നൊക്കെ അവർ പറയുന്നത് കേൾക്കുമ്പോൾ, എനിക്ക് മനസ്സിലായ മട്ടിൽ ഞാൻ തലയാട്ടി. ടേബിളിലുള്ളവർ ചിരിക്കുമ്പോൾ ഞാനും ഒരു കൃത്രിമമായ ചിരി ചിരിച്ചു. എന്തിനാണ് ചിരിക്കുന്നതെന്ന് എനിക്ക് തന്നെ അറിയില്ലായിരുന്നു.
പണ്ട് സ്കൂളിലെ ആദ്യത്തെ ദിവസം, ടീച്ചർ ചോദ്യം ചോദിക്കുമ്പോൾ എല്ലാവരും ചിരിതുടങ്ങിയപ്പോൾ ഒന്നും മനസ്സിലാകാതെ കൂടെ ചിരിച്ചിരുന്ന അതേ പഴയ പത്തനംതിട്ടക്കാരൻ കുട്ടിയായിരുന്നു ഞാൻ ഇപ്പോഴും. വ്യത്യാസം ഒന്നുമാത്രം; അന്ന് യൂണിഫോം ആയിരുന്നു, ഇന്ന് ഇസ്തിരിയിട്ട ഈ ഫോർമൽ ഷർട്ട്.
ലഞ്ച് കഴിഞ്ഞ് കൈ കഴുകാൻ ബേസിന്റെ അടുത്തേക്ക് നടന്നപ്പോഴാണ് എന്റെ ടീം കൃത്യമായി എന്നെ പരിചയപ്പെടാൻ തുടങ്ങിയത്. അജിൻ എന്ന പയ്യനാണ് ആദ്യം വന്നത്.
“ഹായ് ജോർജ്ജ്, ഞാൻ അജിൻ.” അവൻ കൈ തന്നു.
പുറകെ മറ്റുള്ളവരും വന്നു—വൈഷ്ണവി, ക്രിസ്റ്റോ, അഞ്ജലി, പിന്നെ നേസർ.
ഞാൻ അവരോട് സംസാരിച്ചു നിൽക്കുമ്പോൾ പെട്ടെന്ന് എന്റെ പോക്കറ്റിൽ കിടന്ന് ഫോൺ വീണ്ടും റിംഗ് ചെയ്തു. ഡിസ്‌പ്ലേയിൽ ‘Job’. ഞാൻ ഫോൺ എടുക്കാൻ ആഞ്ഞതും, വൈഷ്ണവി എന്നെ നോക്കി വളരെ പ്രൊഫഷണലായ, എന്നാൽ തണുത്ത ഒരു ചിരിയോടെ പറഞ്ഞു:
“George, ജസ്റ്റ് എ സ്മോൾ നോം ഇൻ അവർ ടീം. നമ്മൾ ഒന്നിച്ച് ബ്രേക്കിലോ ലഞ്ചിനോ ഒക്കെ ഇരിക്കുമ്പോൾ ഫോൺ യൂസ് ചെയ്യാറില്ല. അതൊരു ടീം ബോണ്ടിംഗ് റൂളാണ്. പക്ഷേ, ഇന്ന് നിന്റെ ഫസ്റ്റ് ഡേ ആയതുകൊണ്ട് ഇറ്റ്സ് എക്സ്ക്യൂസ്ഡ്. സംസാരിച്ചോളൂ!”
ഞാൻ ഒന്നു മാറി നിന്ന് ജോബിന്റെ കോൾ എടുത്തു. ആ കോർപ്പറേറ്റ് എസിയുടെ തണുപ്പിൽ ജോബിന്റെ ആ തനി നാടൻ മലയാളം കേട്ടപ്പോൾ എനിക്ക് ശ്വാസം നേരെ വീണു.
“എടാ ജോർജ്ജ്, കഴിച്ചോടാ? എങ്ങനുണ്ട് ഓഫീസ്?”
“കഴിച്ചു ടാ… ആളുകളെയൊക്കെ പരിചയപ്പെട്ടു വരുന്നു. ഞാൻ വർക്ക് സ്പേസിലേക്ക് കയറിയിട്ട് നിന്നെ വിളിക്കാം.”
ഞാൻ പതുക്കെ പറഞ്ഞു ഫോൺ വെച്ചു.
ലഞ്ചിന് ശേഷം അജിൻ എന്നെ ഞങ്ങളുടെ വർക്ക് സ്പേസിലേക്ക് കൂട്ടിക്കൊണ്ടുപോയി. സിനിമകളിൽ കണ്ട വലിയ ഗ്ലാസ് ക്യാബിനുകളും പ്രൈവറ്റ് സ്പേസുമൊക്കെയായിരുന്നു എന്റെ മനസ്സിൽ. എന്നാൽ അവിടെ കണ്ട കാഴ്ച മറ്റൊന്നായിരുന്നു.
ആകെ ആറ് ടേബിളുകൾ ചേർത്തുവെച്ച ഒരു ചെറിയ ദ്വീപ്. ഓരോ ടേബിളിലും ഓരോ സിംഗിൾ മോണിറ്റർ ഇരിക്കുന്നുണ്ട്. മൂന്ന് ടേബിളുകൾ ഒരു വശത്തും, ബാക്കി മൂന്നെണ്ണം അതിന് നേരെ എതിർവശത്തുമായിട്ടാണ് ഇട്ടിരിക്കുന്നത്. വൈഷ്ണവിക്ക് നേരെ അജിനും, ക്രിസ്റ്റോയ്ക്ക് നേരെ അഞ്ജലിയും, എന്റെ നേരെ നേസറും ഇരിക്കുന്നു.
എല്ലാവരും സിസ്റ്റത്തിന് മുന്നിലിരുന്ന് വേഗത്തിൽ ടൈപ്പ് ചെയ്യാൻ തുടങ്ങി. ഞാൻ എന്റെ സീറ്റിലിരുന്ന് എന്ത് ചെയ്യണമെന്ന് അറിയാതെ ഇരുന്നപ്പോൾ വൈഷ്ണവി എന്റെ നേരെ തിരിഞ്ഞ് പുഞ്ചിരിച്ചു:
“ജോർജ്ജ്, ഇപ്പോൾ മീറ്റിംഗിന് മുൻപ് ചെറിയൊരു ഗ്യാപ്പ് ഉണ്ട്. യു കാൻ യൂസ് യുവർ ഫോൺ നൗ.”
അതൊരു വലിയ റിലീഫ് ആയിരുന്നു! ഞാൻ വേഗം പോക്കറ്റിൽ നിന്ന് ഫോൺ പുറത്തെടുത്തു. അനയുടെ ഇൻസ്റ്റഗ്രാം മെസ്സേജ് തുറക്കാൻ വേണ്ടി വിരൽ നീട്ടിയതും ദാ വരുന്നു വീണ്ടും പ്രിയങ്കയുടെ വിളി:
“ടീം, മീറ്റിംഗ് റൂമിലേക്ക് വരൂ. ഡെയ്‌ലി സ്റ്റാൻഡ്-അപ്പ് സ്റ്റാർട്ട് ചെയ്യാം.”
ഞാൻ വീണ്ടും ഫോൺ ഡെസ്കിലേക്ക് തന്നെ വെച്ചു. ഉള്ളിൽ പുകയുന്ന ആകാംക്ഷ കടിച്ചുപിടിച്ച് ഞങ്ങൾ കോൺഫറൻസ് റൂമിലേക്ക് കയറി.
പ്രിയങ്ക തന്റെ 20 പ്ലസ് ഇയേഴ്സ് ഓഫ് കോർപ്പറേറ്റ് എക്സ്പീരിയൻസ് വിവരിച്ച ശേഷം ഓരോരുത്തരായി സ്വയം പരിചയപ്പെടുത്താൻ ആവശ്യപ്പെട്ടു. അവർ സംസാരിക്കുമ്പോൾ ഞാൻ ശ്രദ്ധത്തിയത് അവരുടെ പ്രായമാണ്. അവരെല്ലാം എന്നെക്കാൾ പ്രായം കുറഞ്ഞവരാണ്, പക്ഷേ സംസാരിക്കുന്നതിലും വർക്കിന്റെ കാര്യത്തിലും അവരെല്ലാം എന്നെക്കാൾ എത്രയോ മുന്നിലാണ്!
ഒടുവിൽ എന്റെ ഊഴം വന്നു. ഞാൻ തൊണ്ടയനക്കി എഴുന്നേറ്റു നിന്നു.
“Hi… I am George. I am coming from Pathanamthitta. I studied…”
പെട്ടെന്ന് പ്രിയങ്ക എന്റെ വാക്കുകളെ തടസ്സപ്പെടുത്തിക്കൊണ്ട് കൈ ഉയർത്തി.
“George… stop. We don’t want to hear that stuff. ഈ പഠിച്ച കാര്യങ്ങളും നാട്ടിലെ വിവരങ്ങളും എല്ലാവരും പറയുന്നതാണ്, we hear it from everyone. എനിക്ക് കേൾക്കേണ്ടത് അതല്ല. ഇൻട്രൊഡക്ഷൻ കുറച്ചുകൂടി ഡിഫറന്റ് ആയിരിക്കണം. അടുത്ത തവണ മുതൽ അത് മൈൻഡ് ചെയ്യുക. Now please complete.”
എന്റെ തലച്ചോറിലേക്ക് ഒരു കൂട്ടം ഉറുമ്പുകൾ ഇരച്ചുകയറിയത് പോലെ തോന്നി. ഞാൻ പെട്ടെന്ന് നിർത്തി. എന്താണ് തെറ്റ് പറഞ്ഞതെന്ന് എനിക്ക് മനസ്സിലായില്ല. ഇന്റർവ്യൂവിൽ ഇതേ കാര്യം കഥ പോലെ പറഞ്ഞപ്പോൾ അവർ എന്നെ തിരഞ്ഞെടുത്തിരുന്നു. ഇന്ന് അതേ കാര്യം പറയുമ്പോൾ അത് തെറ്റായി. കോർപ്പറേറ്റ് സംസ്കാരത്തിന്റെ ആ ആദ്യത്തെ ഇന്ററപ്ഷൻ എന്നെ പൂർണ്ണമായി ബ്ലാങ്ക് ആക്കിക്കളഞ്ഞു. എങ്ങനെയൊക്കെയോ കഷ്ടപ്പെട്ട്, പതറുന്ന ഇംഗ്ലീഷിൽ ഞാൻ എന്റെ ഇൻട്രൊഡക്ഷൻ പൂർത്തിയാക്കി സീറ്റിലേക്ക് ഇരുന്നു.
ഞാൻ പതുക്കെ എഴുന്നേറ്റ് പുറത്തേക്ക് നടന്നു. ഓഫീസിലെ ആ വലിയ വാഷ്‌റൂമിലെ കണ്ണാടിയുടെ മുന്നിൽ ചെന്ന് നിന്ന് ഞാൻ മുഖത്തേക്ക് തണുത്ത വെള്ളം കോരി ഒഴിച്ചു. ആ കണ്ണാടിയിൽ കണ്ട എന്റെ സ്വന്തം മുഖത്തേക്ക് നോക്കി ഞാൻ ചോദിച്ചു:
“എന്താ ഞാൻ തെറ്റ് പറഞ്ഞത്?”
എനിക്ക് എന്നോട് തന്നെ വലിയ പൊരുത്തക്കേട് തോന്നി. ഈ എയർകണ്ടീഷണർ തണുപ്പിലും എന്റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. ഞാൻ ഇവിടെ ഒട്ടും ഫിറ്റ് ആകുന്നില്ല എന്നൊരു തോന്നൽ എന്നെ പൂർണ്ണമായി വിഴുങ്ങാൻ തുടങ്ങി. കണ്ണാടിയിൽ കണ്ട ആ മുഖം എന്റേതുതന്നെയായിരുന്നു. പക്ഷേ പത്തനംതിട്ടയിലെ കോളേജിന്റെ അവസാന ബെഞ്ചിലിരുന്ന ആൺകുട്ടിയും ഈ ഫോർമൽ ഷർട്ടിട്ട മനുഷ്യനും ഒരാളാണെന്ന് വിശ്വസിക്കാൻ എനിക്ക് ബുദ്ധിമുട്ട് തോന്നി.
ഞാൻ തിരികെ മീറ്റിംഗ് റൂമിൽ വന്നിരുന്നു. പ്രിയങ്ക മീറ്റിംഗ് അവസാനിപ്പിക്കുകയായിരുന്നു.
“Guys, you are the first completely ‘Gen-Z’ team in our floor. നമ്മൾ ഇവിടെ വന്നിരിക്കുന്നത് ആ സീനിയർ ടീമിനെ അവരുടെ ജോലികളിൽ സഹായിക്കാനാണ്. സോ ബി പ്രിപ്പേർഡ് ഫോർ ദ ഗ്രേറ്റ് ജേർണി.”
മീറ്റിംഗ് കഴിഞ്ഞ് എല്ലാവരും പുറത്തേക്ക് നടന്നു. തിരികെ ഞങ്ങളുടെ ആ ചെറിയ ദ്വീപിലേക്ക് നടക്കുമ്പോൾ അജിൻ എന്റെ അരികിലേക്ക് വന്ന് പതുക്കെ തോളിൽ തട്ടി, ആരും കേൾക്കാത്ത ശബ്ദത്തിൽ മലയാളത്തിൽ ചോദിച്ചു:
“നാട്ടിൽ എവിടെയാടാ എന്ന് പറഞ്ഞേ? പത്തനംതിട്ടയിലോ?”
ഞാൻ ഞെട്ടി അവനെ നോക്കി. “എടാ… നിനക്ക് മലയാളം അറിയാമോ?”
അവൻ ചെറുതായി ചിരിച്ചു. “എന്റെ റൂട്ട്സ് കേരളത്തിലാണ് മച്ചാനേ. ജനിച്ചതും വളർന്നതുമൊക്കെ ബാംഗ്ലൂർ ആണെങ്കിലും പക്കാ മലയാളിയാണ്. ആദ്യമൊക്കെ ഈ കോർപ്പറേറ്റ് office കാണുമ്പോൾ കുറച്ച് പേടി തോന്നും മച്ചാനേ… പിന്നെ ഇതൊക്കെ ശീലമായിക്കോളും.”
അവൻ ഒന്ന് നിർത്തി വീണ്ടും ചോദിച്ചു: “മച്ചാനെ, നിനക്ക് കാപ്പി ഇഷ്ടമാണോ?”
“ചായ…” ഞാൻ ഒരു ചെറിയ ചിരിയോടെ പറഞ്ഞു.
“അപ്പോ ഇവിടെ നിനക്ക് അഡ്ജസ്റ്റ് ചെയ്യാൻ കുറച്ച് സമയം എടുക്കും! മച്ചാനെ, ആദ്യത്തെ ആഴ്ച കഴിഞ്ഞാൽ ഓഫീസ് കുറച്ച് പേടിപ്പിക്കും. ആദ്യത്തെ മാസം കഴിഞ്ഞാൽ ബോറടിപ്പിക്കും. അതിന് ശേഷം ശമ്പളം കിട്ടുന്ന ദിവസം മാത്രം ഇഷ്ടമാകും. അതുകൊണ്ട് അതൊന്നും സാരമാക്കേണ്ട, വി വിൽ മാനേജ്.”
അജിൻ വീണ്ടും എന്റെ തോളിൽ തട്ടി.
എന്റെ ടീമിലെല്ലാവരും കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ കമ്പനിയിൽ ജോയിൻ ചെയ്തവരാണെന്ന് ഞാൻ മനസ്സിലാക്കി. എങ്കിലും അപരിചിതത്വത്തിന്റെ ആ വലിയ ആൾക്കൂട്ടത്തിൽ എനിക്ക് കിട്ടിയ ആദ്യത്തെ വലിയ ആശ്വാസമായിരുന്നു അജിൻ.
ഞങ്ങൾ തിരികെ ഞങ്ങളുടെ ഡെസ്കുകളിലേക്ക് നടന്നു. സീറ്റിൽ വന്നിരുന്ന ഉടനെ ഞാൻ മറ്റൊന്നും ആലോചിച്ചില്ല. നേരെ എന്റെ ഫോണെടുത്തു.
ഏഴ് വർഷം. ഒരു മനുഷ്യനെ മറക്കാൻ അത് മതിയാകുന്ന സമയമാണ്. പക്ഷേ ചില മുഖങ്ങൾ കലണ്ടറുകൾ നോക്കി ജീവിക്കാറില്ല. ചില ചിരികൾ വർഷങ്ങൾക്കിപ്പുറവും അതേ തെളിച്ചത്തിൽ ഓർമ്മയിൽ കിടക്കും. അന എനിക്ക് അങ്ങനെയൊരു ഓർമ്മയായിരുന്നു. എന്റെ ജീവിതത്തിൽ ഒരിക്കലും ആരംഭിക്കാതിരുന്ന ഒരു കഥ.
ഞാൻ ഇൻസ്റ്റഗ്രാം ആപ്പ് ഓപ്പൺ ചെയ്തു. മെസ്സേജ് റിക്വസ്റ്റുകളുടെ ലിസ്റ്റിൽ അനയുടെ ആ പ്രൊഫൈൽ നെയിം തിളങ്ങി നിൽപ്പുണ്ടായിരുന്നു. ഏഴ് വർഷത്തെ നിശ്ശബ്ദതയ്ക്ക് ശേഷം അവൾ എനിക്ക് അയച്ച ആ ആദ്യത്തെ സന്ദേശം…
എന്റെ വിരൽ ആ സ്ക്രീനിന് മുകളിൽ വെറുതെ നിശ്ചലമായി നിന്നു. പത്തനംതിട്ടയിൽ മഴ പെയ്തിരുന്ന ആ ജൂണിൽ നിന്ന് ബാംഗ്ലൂരിലെ ഈ പന്ത്രണ്ടാം നില വരെ എന്നെ പിന്തുടർന്ന ഒരേയൊരു പേരായിരുന്നു അത്—അന.
ഞാൻ സ്ക്രീനിലേക്ക് വീണ്ടും നോക്കി.
Ana.
എന്റെ വിരൽ ഇപ്പോഴും നിശ്ചലമായിരുന്നു.
അഭിപ്രായങ്ങള്‍